Blog Archive

Monday, November 8, 2010

ഓര്‍മ്മ...


കെ.ആര്‍. നാരായണനെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ കടന്നു വരുന്നത്‌ അദ്ദേഹം ചൈനയുടെ അംബാസിഡറായിരിക്കെ കോട്ടയത്ത്‌ എത്തിയപ്പോള്‍ ഉണ്ടായ ഒരു സംഭവമാണ്‌. നാരായണന്‍ സാര്‍ ടി.ബി.യില്‍ എത്തിയതറിഞ്ഞ്‌ ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പം അദ്ദേഹത്തെ കാണാന്‍ പോയി. അപ്പോള്‍ അദ്ദേഹം ഉഴവൂര്‍ക്ക്‌ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഉഴവൂര്‍ക്ക്‌ ഒന്നിച്ചു പോകാമെന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാനും ഒപ്പം ചേര്‍ന്നു. കാറില്‍ വരും വഴി ഗാന്ധി സ്‌ക്വയറിനു സമീപം വന്നപ്പോള്‍ വണ്ടി നിര്‍ത്താന്‍ അദ്ദേഹം ഡ്രൈവറോട്‌ ആവശ്യപ്പെട്ടു. എന്തു വേണമെന്നു ചോദിച്ചപ്പോള്‍ ഒരു സാധനം വാങ്ങാനുണ്ടെന്നു പറഞ്ഞ്‌ അദ്ദേഹം വണ്ടിയില്‍ നിന്നും ഇറങ്ങി. ഞാന്‍ വാങ്ങി കൊണ്ടു വരാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതെ എന്നോട്‌ വണ്ടിയിലിരിക്കാന്‍ പറഞ്ഞിട്ട്‌ പുറത്തിറങ്ങി. കുറച്ചു സമയത്തിനു ശേഷം പച്ചമീനും പഴവും വാങ്ങിക്കൊണ്ടു വന്നു. സഹോദരി കെ.ആര്‍. ഗൗരിക്ക്‌ വാങ്ങിയതായിരുന്നു അത്‌. ഈ ലാളിത്യം നിറഞ്ഞ പെരുമാറ്റമാണ്‌ ആദ്യം മനസ്സില്‍ വരുന്നത്‌.
എം.പി.യും കേന്ദ്രമന്ത്രിയുമൊക്കെയായപ്പോഴും അദ്ദേഹവുമായുള്ള അടുപ്പം തുടര്‍ന്നുകൊണ്ടിരുന്നു. ഓണത്തിനും പുതുവത്സരത്തിനും മുടങ്ങാതെ ആശംസകാര്‍ഡുകള്‍ അയച്ചിരുന്നു. ഇടയ്‌ക്കൊക്കെ ഫോണില്‍ വിളിച്ച്‌ വിശേഷങ്ങള്‍ തിരക്കുകയും ചെയ്‌തിരുന്നു. നാരായണ്‍ സാറുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായത്‌ ഉപരാഷ്‌ട്രപതി പദവിയില്‍ അദ്ദേഹം എത്തിയതിനു ശേഷമായിരുന്നു.
രാഷ്‌ട്രപതിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച്‌ ഉഴവൂരില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഫോട്ടോ വീഡിയോ കാസറ്റ്‌ എന്നിവയുമായി രാഷ്‌ട്രപതി ഭവനില്‍ എത്തിയപ്പോള്‍ അദ്ദേഹം ഉഴവൂര്‍കാരനായ നാട്ടുമ്പുറത്തുകാരനായി മാറി. രാഷ്‌ട്രീയ സംഭവങ്ങളൊന്നും ആരായാതെ വീടിന്റെ മുറ്റത്തു നിന്ന പ്ലാവ്‌, മാവ്‌ തുടങ്ങിയവയെക്കുറിച്ചും അയല്‍വാസികളെക്കുറിച്ചുമൊക്കെ തിരക്കാനായിരുന്നു താല്‌പര്യം.
ഒരു ദിവസം നാരായണന്‍ സാറിനെ കാണാന്‍ രാഷ്‌ട്രപതി ഭവനില്‍ എത്തിയപ്പോള്‍ അന്ന്‌ ചൈനീസ്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനദിവസമായിരുന്നു. അന്നേ ദിവസം മറ്റാര്‍ക്കും സന്ദര്‍ശനാനുമതി കൊടുക്കാതിരുന്നിട്ടും എന്നെ പ്രത്യേകം ക്ഷണിക്കുകയും സെക്യൂരിറ്റി പരിശോധനകളൊന്നും കൂടാതെ വിശിഷ്‌ടാതിഥിയുടെ ഗണത്തില്‍പ്പെടുത്തി ആതിഥ്യമരുളിയതും എന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുകയാണ്‌.എന്നോടൊപ്പം എന്റെ സുഹൃത്തും പത്രപ്രവര്‍ത്തകനും കൂടിയായ എബി ജെ. ജോസും ഉണ്ടായിരുന്നു. സന്ദര്‍ശനത്തിനു ശേഷം തിരികെ പോരും മുമ്പ്‌ ആസാമില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ തേയിലയും ബിസ്‌ക്കറ്റുകളും സമ്മാനമായി തന്നതും മറക്കാനാവില്ല.
തന്റെ ജന്മഗൃഹം പുതുക്കിപ്പണിയണമെന്നുള്ള ആഗ്രഹം ഒരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ പ്രകടിപ്പിച്ചിരുന്നു. അതിന്റെ പ്ലാന്‍ തയ്യാറാക്കി ഡല്‍ഹിയില്‍ എത്തണമെന്നു നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അതിനു കഴിഞ്ഞില്ല. അദ്ദേഹത്തെക്കുറിച്ച്‌ ഒരു ഡോക്യുമെന്ററി എടുക്കാനും അടുത്ത മാസം ഷൂട്ടിംഗ്‌ ആരംഭിക്കുന്നതിനും അദ്ദേഹം അനുമതി നല്‍കിയിരുന്നു. ലേബര്‍ ഇന്ത്യാ സാരഥി സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയുടെ നേതൃത്വത്തില്‍ ഇതിനുവേണ്ടുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. ലോകത്ത്‌ എവിടെ ആയിരുന്നാലും ഉഴവൂരിന്റെ പുത്രന്‍ എന്നറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഉഴവൂര്‍ വിജയന്‍ (കുടുംബസുഹൃത്ത്‌)

No comments:

Post a Comment